നാഗ്പൂർ: പാക് അധിനിവേശ ജമ്മുകശ്മീർ തിരിച്ചു പിടിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതം എന്ന ഭവനത്തിലെ ഒരു മുറിയാണ് പാക് അധിനിവേശ ജമ്മുകശ്മീർ. അന്യർ കൈയടക്കിവച്ച മുറി തിരിച്ചു പിടിക്കണമെന്ന് മധ്യപ്രദേശിലെ സൻസയിൽ സിന്ധി ക്യാമ്പിൽ ഗുരുദ്വാര ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പിഒജെകെ നമ്മുടെ ഭവനത്തിലെ ഒരു മുറിയാണ്. നമ്മുടെ മേശയും വസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്ന മുറി ആരോ കൈവശപ്പെടുത്തിയിരിക്കുന്നു. നാളെ അത് തിരിച്ചുപിടിക്കണം, അദ്ദേഹം പറഞ്ഞു.
പിഒജെകെയിൽ പാക് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഡോ. മോഹൻ ഭാഗവത്തിന്റെ പ്രസ്ഥാവന എന്നത് ശ്രദ്ധേയമാണ്. പാകിസ്താനിൽ നിന്നുള്ള മോചനമാണ് പാക് വിമോചന പോരാളികളുടെ ആവശ്യം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. പിഒജെകെ ആക്രമിച്ച് പിടിച്ചെടുക്കേണ്ടതില്ലെന്നും അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കുമെന്നുമായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.















