കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ ബോധവത്കരണ നാടകത്തിനിടെ അഭിനേതാവിന് കടിയേറ്റു. കണ്ടകൈ പറമ്പിലെ രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാത്രി മയ്യിലിലാണ് സംഭവം. കൃഷ്ണപിള്ള സ്മാരക വായന ശാലയിലാണ് രാധാകൃഷ്ണൻ ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ചത്.
കുട്ടിയെ നായ കടിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. നായ കുരയ്‌ക്കുന്ന ശബ്ദം നാടകത്തിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് വായന ശാലയുടെ പിന്നിൽ നിന്നും ഒരു നായ ഓടിവന്ന് രാധാകൃഷ്ണന്റെ കാലിൽ കടിച്ചത്. നായ രാധാകൃഷ്ണന് സമീപം എത്തിയപ്പോൾ നാടകത്തിന്റെ ഭാഗമാണ് എന്നാണ് കാണികൾ ആദ്യം കരുതിയത്. നാടകം അവസാനിച്ച ശേഷം രാധാകൃഷ്ണൻ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.















