തിരുവനന്തപുരം: സംസ്ഥാനത്ത് 12 വയസിന് താഴെയുള്ള കുട്ടികളുടെ മരുന്ന് വാങ്ങുന്നതിന് കുറിപ്പടി നിർബന്ധമാക്കി. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുത്. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടർമാർ ഡോസ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിന് കുറിച്ച് നൽകിയ മരുന്ന് മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് സംബന്ധിച്ച് ബോധവത്ക്കരണവും ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെയും രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്‌നം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് സംസ്ഛാനത്തും മരുന്നിന്റെ വിൽപ്പന നിർത്തിവച്ചു. കേരളത്തിൽ 8 വിതരണക്കാർ വഴിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിൽപ്പന നടത്തുന്നത്.















