ആലപ്പുഴ: ഹൗസ് ബോട്ടിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ചു. ചെന്നൈ സ്വദേശി സുൽത്താനാണ് മരിച്ചത്. എന്നാൽ കുഴഞ്ഞു വീണ് മരിച്ചു എന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ ഹൗസ് ബോട്ട് ജീവനക്കാരൻ സുൽത്താന്റെ നെഞ്ചിൽ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ജീവനക്കാരന്റെ ചവിട്ടേറ്റാണ് മരണം എന്ന് സുൽത്താന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
ചൊവ്വാഴ്ചയാണ് 30 അംഗസംഘം ചെന്നൈയിൽ നിന്നും ആലപ്പുഴയിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. സ്ത്രീകളും കുട്ടികളും വയോധികരും സംഘത്തിലുണ്ടായിരുന്നു. ഹൗസ് ബോട്ടിലെ മേശയുടെ ഗ്ലാസ് പൊട്ടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരും ഹൗസ് ബോട്ടിലെ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി.
സ്ത്രീകളോട് ഹൗസ് ബോട്ടിലെ ജീവനക്കാർ കയർക്കുന്നതും അപമര്യാദയായി സംസാരിക്കുന്നതും കണ്ടാണ് സുൽത്താൽ അവിടേക്ക് വരുന്നത്. സുൽത്താൽ ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പറയപ്പെടുന്നു. ഇതിനിടെ സുൽത്താന്റെ നെഞ്ചിലേക്ക് ജീവനക്കാരൻ ചവിട്ടുകയും അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.















