ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ അതിർത്തിയിൽ സുരക്ഷാസേനകൾ ഏറ്റുമുട്ടി. ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈന്യം ഏറ്റുമുട്ടിയത്. അഫ്ഗാനിസ്ഥാനിൽ രണ്ട് സ്ഫോടനവും നടന്നു.
പാകിസ്ഥാൻ തങ്ങളുടെ അധികാരം ലംഘിച്ചുവെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. കാബൂളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരനടപടിയായാണ് പാക്സൈന്യത്തിന് നേരെ അഫ്ഗാനിസ്ഥാൻ ആക്രമണം നടത്തിയത്. വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുനാർ, നംഗർഹാർ, പക്തിയ, ഖോസ്റ്റ്, ഹെൽമണ്ട് പ്രവിശ്യകളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായി താലിബാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു.















