ലക്നൗ: പള്ളിയിലെ ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാഗ്പത് ജില്ലയിലെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്റെ ഭാര്യയും രണ്ടും അഞ്ചും വയസുള്ള പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. പള്ളി സമുച്ചയത്തിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
മുസാഫർനഗർ സ്വദേശിയായ ഇമാം കഴിഞ്ഞ നാല് വർഷമായി കുടുംബത്തോടൊപ്പം പള്ളി സമുച്ചയത്തിൽ താമസിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭാര്യ ഇസ്രാന (30) കുട്ടികളെ പഠിപ്പിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഇബ്രാഹിം വിവാദ ഇസ്ലാംമത പഠനകേന്ദ്രമായ ദിയോബന്ദിൽ പോയിരിക്കുകയായിരുന്നു. വൈകുന്നേരം പള്ളിയിൽ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. മദ്രസയിലെ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തിൽ 15, 16 വയസ്സുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പള്ളിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവിയുണ്ട്. ഇത് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി ഡിഐജി കലാനിധി നൈതാനി അറിയിച്ചു.















