ന്യൂഡൽഹി: താജ്മഹൽ സന്ദർശനം റദ്ദാക്കി അഫ്ഗാൻ സ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്ത്ഖി. ഇന്ത്യ- അഫ്ഗാൻ ബന്ധം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ഇന്ത്യയിലുള്ള അഫ്ഗാൻമന്ത്രി ഇന്ന് ആഗ്ര സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്. സന്ദർശനം റദ്ദാക്കിയ കാരണം വ്യക്തമല്ല.
ഡൽഹിയിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണ് അവസാന നിമിഷം ആഗ്ര സന്ദർശനം റദ്ദാക്കിയത്. രാവിലെ എട്ട് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെടാനായിരുന്നു തീരുമാനം. അഫ്ഗാൻ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു. താജ്മഹലിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ എഎസ്ഐ ഉദ്യോഗസ്ഥരും മന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്.
അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം.















