ആത്മനിർഭർ ഭാരതമെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് വീണ്ടുമൊരു പൊൻതൂവൽ കൂടി. ‘മാപ്പ് മൈ ഇന്ത്യ’ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ആപ്പായ മാപ്പിൾസ് പരീക്ഷിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മികച്ച ഫീച്ചറുകളുള്ള ഈ ആപ്പ് എല്ലാവരും പരീക്ഷിച്ചു നോക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഗൂഗിൾ മാപ്പിന് ഒരു ഇന്ത്യൻ ബദലാണ് മാപ്പിൾസ്. പ്രാദേശികവും സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ നാവിഗേഷൻ അനുഭവമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഗൂഗിൾ മാപ്പിൽ പലപ്പോഴും ഓവർബ്രിഡ്ജുകളും അണ്ടർപാസുകളും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. എന്നാൽ മാപ്പിൾസിൽ ഇവ ത്രീഡി രൂപത്തിലാണ് ലഭ്യമാക്കുന്നത്.
ഗൂഗിൾ മാപ്പിൽ നിന്നും വ്യത്യസ്തമായി മാപ്പിൾസ് ഡാറ്റയും ഉപയോക്തൃ വിവരങ്ങളും ഇന്ത്യയിൽ തന്നെയാണ് സൂക്ഷിക്കുന്നത്. ഇത് ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തും. രാജ്യത്തുടനീളമുള്ള മികച്ച ട്രെയിൻ, സ്റ്റേഷൻ എന്നിവയുടെ വിവരങ്ങൾ മാപ്പിൾസുമായി ബന്ധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ ധാരണാപത്രം ഒപ്പുവയ്‌ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Swadeshi ‘Mappls’ by MapmyIndia 🇮🇳
Good features…must try! pic.twitter.com/bZOPgvrCxW
— Ashwini Vaishnaw (@AshwiniVaishnaw) October 11, 2025
അടുത്തിടെ തപ്പാൽ വകുപ്പുമായി സഹകരിച്ച് മാപ്പ്മൈ ഇന്ത്യ ഡിജിപിൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ വിലാസം ഒരുക്കിയിരുന്നു. ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒയുടെ എൻആർഎസ്‌സി എന്നിവയുമായി ചേർന്നാണ് ഡിജിപിൻ വികസിപ്പിച്ചത്, ഇന്ത്യയിലുടനീളം ഓരോ 3.8 മീറ്റർ ചതുരശ്ര ബ്ലോക്കിനും ഡിജിറ്റൽ കോഡ് ഇതുവഴി സൃഷ്ടിച്ചത്.
ആത്മനിർഭർ ഭാരതമെന്ന സ്വപ്നത്തിലേക്ക് ടെക് പ്രസ്ഥാനം ചുവടുവയ്‌ക്കുകയാണ്. വാട്ട്‌സ്ആപ്പിന്റെ “സ്വദേശി ബദലായ സോഹോയുടെ അറാട്ടെെ തരംഗമാകുന്നതിനിടെയാണ് മാപ്പിൾസും ശ്രദ്ധനേടുന്നത്.















