തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെ ദേവസ്വം മന്ത്രി കടുത്ത ആചാര ലംഘനം നടത്തിയെന്ന് ക്ഷേത്രം തന്ത്രി. ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയത് ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
‘കഴിഞ്ഞ അഷ്ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്നും കത്തിൽ തന്ത്രി കർശനമായി നിർദേശിക്കുന്നുണ്ട്. തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മന്ത്രി വാസവനും സംഘവും നടത്തിയ ആചാര ലംഘനം ജനം ടിവിയാണ് ആദ്യം പുറത്തുവിട്ടത്.
ഉച്ചപൂജയ്‌ക്ക് പിന്നാലെ ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്പുന്നതാണ് ആചാരം. എന്നാൽ ദേവസ്വം മന്ത്രി വി. എൻ വാസവനും കൃഷി മന്ത്രി പി. പ്രസാദിനും തിരക്കുണ്ടെന്ന് പറഞ്ഞ് ഭഗവാന് നിവേദിക്കാതെ സദ്യ വിളമ്പുകയും ഉണ്ണുകയുമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ള നേതാക്കളും കൂടെയുണ്ടായിരുന്നു.
പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നും തന്ത്രിയുടെ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് എല്ലാവരും ചേർന്ന് സത്യം ചെയ്യണമെന്നും തന്ത്രി നൽകിയ കത്തിലുണ്ട്.















