തിരുവനന്തപുരം: നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. നാവിക സേനാ ദിനമായ ഡിസംബർ നാലിന് ശംഖുംമുഖം തീരത്ത് നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായേക്കും. നാവിക സേനാ ദിനത്തിനുള്ള ഒരുക്കങ്ങൾ ശംഖുംമുഖം ബീച്ചിൽ ആരംഭിച്ചു. 14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്
നാവികസേനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അന്നേ ദിവസം തലസ്ഥാനത്തെത്തും. ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള പടക്കപ്പലുകളും അണിനിരക്കും. സേനയുടെ ആയുധശേഷിയും പ്രതിരോധശേഷിയുടെയും പ്രദർശിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളുമുണ്ടാകും.
കടാലാക്രണത്തിൽ തകർന്ന ശംഖുമുഖത്തിന് വീണ്ടെടുപ്പ് കൂടിയാകും നാവികസേന ദിനാഘോഷം. ബീച്ചിൽ മുൻപുണ്ടായിരുന്നത് പോലെ പടികളും റാമ്പും നിർമിക്കുന്നുണ്ട്. സ്റ്റേഡിയത്തിന്റെ ഗാലറിയുടെ മോഡലിൽ ആറു പടികളാണ് നിർമിക്കുക. കടലാക്രമണം തടയാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. 1971ലെ ഇന്ത്യ – പാക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്” എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണയ്‌ക്കായാണ് സേനാദിനം ആഘോഷിക്കുന്നത്.















