തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് മാറ്റം വർഗീയത കുത്തിയിളക്കാൻ ലക്ഷ്യമിട്ടെന്ന് വിമർശനം. ഡ്രസ് കോഡ് പാലിക്കണമെന്ന് നേരത്തെ പറഞ്ഞ മന്ത്രിയാണ് ശിരോവസ്ത്രം മതവിശ്വാസത്തിന്റെ ഭാഗമെന്ന് തിരുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. വിവാദം കെട്ടടങ്ങിയ സമയത്താണ് വിദ്യാഭ്യാസമന്ത്രി യുടേൺ എന്നതാണ് ശ്രദ്ധേയം.
എസ്‍ഡിപിഐ പോലുള്ള മതമൗലികവാദികൾ പ്രശ്നം വഷളാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂളിലെ നിയമം പാലിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണെന്ന് കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ സ്ഥാപനത്തിന്റെ വസ്ത്രധാരണരീതി പാലിക്കാമെന്നും സമ്മതിച്ചിരുന്നു. ഇതോടെ മതമൗലികവാദികളും ഏതാണ്ട് നിശ്ബദരായി.
അതിനിടെയാണ് ഇന്നലെ വൈകുന്നേരം മതമൗലികവാദികളുടെ അതേ സ്വരം മന്ത്രി ആവർത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി എസ്ഡിപിഐ പോലുള്ള സംഘടനകളുടെ അതേ നിലപാടാണ് മിക്ക വിഷയങ്ങളിലും സിപിഎം സ്വീകരിക്കുന്നത്. ഹിജാബ് വിഷയത്തിലും മന്ത്രിയുടെ യുടേൺ ഇതിന് വേണ്ടിയായിരുന്നു.
സമവായത്തിൽ അവസാനിച്ച വിഷയം വീണ്ടും കുത്തിയിളക്കി വർഗീയ മുതലെടുപ്പിന് ശ്രമിച്ച വി. ശിവൻകുട്ടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സ്കൂളിന്റെ അഭിഭാഷകയക്കമുള്ളവർ മന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.















