ചെന്നൈ: തെക്കു വടക്ക് എന്ന വിഭജന രാഷ്‌ട്രീയത്തിന് പുതിയ മുഖം നൽകി ഹിന്ദി നിരോധനവുമായി തമിഴ്‌നാട് സർക്കാർ രംഗത്ത്. സംസ്ഥാനത്ത് ഹിന്ദി സിനിമകളുടെ പ്രദർശനം, ഹിന്ദിയിലുള്ള പരസ്യ ഹോർഡിംഗുകൾ, ബോർഡുകൾ എന്നിവ നിരോധിക്കുന്ന ബിൽ തമിഴ്‌നാട്നിയമസഭയുടെ അവസാന ദിനം അവതരിപ്പിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് നിയമനിർമ്മാണത്തിന് നേതൃത്വം നൽകുന്നത് വിവിദ്യാഭ്യാസപരവും തൊഴിൽപരവുമായ വളർച്ചയ്‌ക്ക് തമിഴും ഇംഗ്ലീഷും മതിയാകുമെന്നാണ് തമിഴ്‌നാട് സർക്കാർ പറയുന്നത്
നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ എന്നാണ് വിവരം. എന്നാൽ , പുതിയ നിയമം ഭരണഘടനയ്‌ക്ക് അനുസൃതമായിരിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. വിവാദമായ ഫോക്‌സ്‌കോൺ നിക്ഷേപ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഡിഎംകെ ഭാഷാ തർക്കം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
2025-26 ലെ സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപയുടെ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചിരുന്നു. ഈ മാറ്റം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.















