കൊൽക്കത്ത: സിലിഗുരിയിൽ വലിയൊരു ‘മഹാകാല’ ക്ഷേത്രം നിർമ്മിക്കുമെന്നും അതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇന്ന് ഡാർജിലിംഗിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിലിഗുരിയിലെ നിർദ്ദിഷ്ട കൺവെൻഷൻ സെന്ററിന് അടുത്തായി ക്ഷേത്രം പണിയുമെന്നു മമത പറയുന്നത്.
“സിലിഗുരിയിലെ നിർദ്ദിഷ്ട കൺവെൻഷൻ സെന്ററിന് സമീപം ഒരു വലിയ മഹാകാല ക്ഷേത്രം വരും. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കേണ്ടതുണ്ട്,” ഡാർജിലിംഗിലെ മഹാകാല ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് മമത ബാനർജി ഇങ്ങിനെ പറഞ്ഞത്. ക്ഷേത്ര നിർമ്മാണത്തിന് സംസ്ഥാന സർക്കാർ സ്ഥലം നൽകുമെന്നും എന്നാൽ നിർമ്മാണത്തിന് കുറച്ച് സമയമെടുക്കുമെന്നും അവർ പറഞ്ഞു.















