തിരുവനന്തപുരം: മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾക്ക് സംശയം. ഇതേ തുടർന്ന് ഷാഫി പറമ്പിൽ എംപിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കുപൊട്ടിയ സംഭവം വിവാദമായിരിക്കെയാണ് മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളുടെ ചിത്രവുമായി മിൽമ പരസ്യം പുറത്തിറക്കിയത്. മിൽമ മലബാർ മേഖലാ യൂണിയനാണ് ഈ പരസ്യ കാർഡ് പുറത്തിറക്കിയത്.‘സിഐഡി മൂസ’ സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണു തൊരപ്പൻ കൊച്ചുണ്ണി.
‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്ന പരസ്യ വാചകത്തോടെ എത്തിയ കാർഡ് ഷാഫി പറമ്പിൽ എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി. ഇതിനു പിന്നാലെ കോൺഗ്രസ് അനുഭാവികൾ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് പരസ്യം മിൽമ പിൻവലിച്ചത്.
സി ഐ ഡി മൂസ സിനിമയിൽ ഈ കഥാപാത്രം ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന ഡയലോഗ് പറയുന്നുണ്ട്. ഇതിനെ അനുസ്മരിപ്പിക്കും വിധം ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിന് നൽകിയ തലക്കെട്ട്. എന്നാൽ ‘തൊരപ്പൻ കൊച്ചുണ്ണിയെ കണ്ടപ്പോൾ പൊലീസ് മർദ്ദനത്തിൽ മൂക്കുപൊട്ടിയ ഷാഫി പറമ്പിൽ എംപിയുടെ കാരിക്കേച്ചറാണിത് എന്ന പ്രചാരണം സൈബറിടങ്ങളിൽ വ്യാപകമാകുകയായിരുന്നു.
ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായി. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്നും ഇത് കേവലം പരസ്യം മാത്രം ആണെന്നും മിൽമ ചെയർമാൻ കെ.എസ്.മണി പ്രതികരിച്ചു.















