തിരുവനന്തപുരം : കെപിസിസി പുനഃസംഘടനക്കെതിരെ ഓർത്തഡോക്സ് സഭ. അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണ നൽകുന്നതായി ഓർത്തഡോക്സ് സഭ ബിഷപ്പ് ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്‌സ് സഭ എന്ന് കരുതേണ്ടെന്നും സഭയുടെ യുവജന പ്രസ്ഥാനം പ്രസിഡന്റ് കൂടിയായ അദ്ദേഹം അറിയിച്ചു.
“അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കളാണ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് അവർ. സഭ ഒരിക്കലും അവരെ കൈവിടില്ല. മലങ്കര സഭയ്‌ക്ക് എല്ലാകാലത്തും കരുത്തുറ്റ നിരവധി നേതാക്കൾ ഉണ്ടായിട്ടുണ്ട്. അവരാരും മതംവെച്ച് കളിക്കാറില്ല. ഇന്ന സഭക്കാരാണ് എന്ന് പറയാറില്ല. ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുനിന്നിട്ടില്ല. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയോടെ ഇടപെടുന്നവരെ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ്” ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി.
എപ്പോഴും കൊട്ടാവുന്ന ചെണ്ടയാണ് മലങ്കര സഭ എന്ന് കരുതരുത് എന്നും ബിഷപ്പ് ഓർമിപ്പിച്ചു. ഈ ചെണ്ടയില്‍ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കും. ഒരു മാർഗ്ഗവും ഇല്ലെങ്കിൽ സ്വരം മാറും എന്ന് ഓര്‍മിപ്പിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.















