മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയ ആളുടെ കള്ളത്തരം നാട്ടുകാർ പൊളിച്ചു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തിരുന്ന പണം എണ്ണിനോക്കിയതാണ് കോട്ടയം സ്വദേശി ഹംസയെ കുടുക്കിയത്.
രണ്ട് മാസം മുൻപാണ് ഹംസ വളാഞ്ചേരിയിൽ ഭിക്ഷാടനത്തിന് എത്തിയത്. കറുത്ത കണ്ണടവച്ച് അന്ധനാണെന്ന് പറഞ്ഞായിരുന്നു ഭിക്ഷ യാചിച്ചത്. ഹംസയ്‌ക്ക് നാട്ടുകാർ പണം നൽകാനും തുടങ്ങി. ഇതിനിടെ അന്ധർക്കുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് പ്രദേശിവാസികൾ പറഞ്ഞെങ്കിലും ഹംസ ഒഴിഞ്ഞുമാറി. ഇതോടെയാണ് ഹംസയെ കുറിച്ച് നാട്ടുകാർക്ക് സംശയം തോന്നിയത്. പിന്നീട് ഹംസ നാട്ടുകാരുടെ നിരീക്ഷണത്തിലായി.
കഴിഞ്ഞദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഹംസ ‘കൂളായി’ നടന്നു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് കാണുന്നത് കറുത്ത് കണ്ണട ഊരിമാറ്റി പണം ആവേശത്തോടെ എണ്ണുന്ന ഹംസയെയാണ്. ഒടുവിൽ നാട്ടുകാർ കയ്യോടെ പൊക്കിയതോടെ ഹംസ സത്യം പറയുകയായിരുന്നു















