തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കളാണ് ഏറ്റുമുട്ടിയത്. ലഹരി കേസ് പ്രതിയും വധക്കേസ് പ്രതിയും ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. പുവാറിലെ ഹോട്ടലിൽ വച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയതിന് പിടിയിലായ ആളാണ് ലഹരിക്കേസ് പ്രതി.
രണ്ട് ദിവസം മുൻപാണ് സംഭവം. ആദ്യം കോളജ് വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. ഇവരെ ബൗൺസർമാർ പുറത്താക്കി. പിന്നീട് വധക്കേസ് പ്രതിയും ബൗൺസർമാരുമായി തർക്കമുണ്ടായി. ഇതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പാർട്ടി നടന്ന ഹാളിൽ ക്യാമറയുണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.
പരാതിക്കാർ ഇല്ലാത്തതിനാൽ കേസ് എടുക്കാനാകില്ലെന്നായിരുന്നു ആദ്യം പൊലീസിന്റെ നിലപാട്. എന്നാൽ സംഭവം വിവാദമായതോടെ സ്വമേധയ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു .















