പാലക്കാട്: തൃപ്പാളൂരിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്.
കെ. ഡി പ്രസന്നൻ എംഎൽഎയുടെ ഫണ്ടിൽ നിന്നും 5 കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലം, ഓപ്പൺ സ്റ്റേജ്, ടോയ്ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, കോഫി ഷോപ്പ്, ചിൽഡ്രൺസ് പാർക്ക് ഉൾപ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങളാണ് ഒരുക്കിയത്. ആലത്തൂർ എം. പി കെ രാധാകൃഷ്ണനാണ് തൂക്കുപാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
പരിപാടി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം വെൽഡ് ചെയ്ത് ഘടിപ്പിച്ച ഭാഗങ്ങൾ ഇളകിവീണു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. നിർമ്മാണത്തിന്റെ ഗുണനിലവാരവും ചോദ്യം ചെയ്യപ്പെടുകയാണ്. തൃപ്പാളൂർ ശിവക്ഷേത്രത്തിൽ ദീപാവലി വാവുത്സവം അതിപ്രശസ്തമാണ്. നിരവധി ഭക്തരാണ് പാലത്തിലൂടെ ക്ഷേത്രത്തിൽ എത്തുന്നത്. ഇത്തരം ഒരു പാലത്തിലൂടെ എന്ത് ധൈര്യത്തിൽ പുഴകടക്കുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.















