തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമു മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രതിമ അനാവരണം ചെയ്ത ശേഷം രാഷ്‌ട്രപതി പുഷ്പാർച്ചന നടത്തി. മുൻ രാഷ്‌ട്രപതി റാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര അർലേക്കർ, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ അനാവരണ ചടങ്ങിൽ പങ്കെടുത്തു.
രാജ്ഭവനിൽ അതിഥിമന്ദിരത്തോട് ചേർന്നുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഇ കെ നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ ഇടുക്കി സ്വദേശിയായ സിജോയാണ് മൂന്നടി ഉയരത്തിൽ പ്രതിമ നിർമിച്ചത്.
പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം രാഷ്‌ട്രപതി വർക്കല ശിവഗിരി ആശ്രമം സന്ദർശിച്ചു. ശിവഗിരിയിൽ നടന്ന ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശദാബ്ദി ആചാരണ സമ്മേളനം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു. 2028 വരെ നടക്കുന്ന ആഗോള ശദാബ്ദി ആഘോഷത്തിനാണ് രാഷ്‌ട്രപതി തുടക്കമിട്ടത്. ശ്രീനാരായണ ഗുരു മഹാനായ ആത്മീയ നേതാവാണെന്നും പ്രസംഗത്തിനിടെ രാഷ്‌ട്രപതി പറഞ്ഞു.















