ന്യൂഡൽഹി : എഐ ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ നിയമഭേദഗതിക്ക് നീക്കവുമായി കേന്ദ്ര ഐടി മന്ത്രാലയം. എ ഐ യുടെ നിയന്ത്രണത്തിനും ഇന്റര്‍നെറ്റിലെ അതിന്റെ ദുരുപയോഗത്തിനുമെതിരെ നടപടിയിലേക്കു കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ ഭേദഗതി കൊണ്ട് വരാൻ ഒരുങ്ങുന്നത്.
പുതിയ ഭേദഗതി പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരുടെ ഉപയോക്താക്കള്‍ ഏതെങ്കിലും എഐ വഴി സൃഷ്ടിച്ചതോ രൂപമാറ്റം വരുത്തിയതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോള്‍ അത് ലേബല്‍ ചെയ്യേണ്ടിവരുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉള്ളടക്കം ലേബല്‍ ചെയ്യാനുള്ള ബാധ്യത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കാണ്. എന്നാല്‍, നിയമ ലംഘനമുണ്ടായാല്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ കമ്പനികള്‍ക്ക് ഫ്‌ളാഗ് ചെയ്യാം.
എഐ ഉള്ളടക്കത്തിന്റെ വലുപ്പമനുസരിച്ച് 10%-ത്തിലധികം ഭാഗത്ത് വാട്ടര്‍മാര്‍ക്കുകളും ലേബലുകളും കാണത്തക്കവിധം ഫിക്‌സ് ചെയ്യേണ്ടതുണ്ട്.
‘സോഷ്യല്‍ മീഡിയ ഇടനിലക്കാരുമായുള്ള ഉത്തരവുകള്‍ നടപ്പിലാക്കുന്നത് ഇനി കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറിയും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരും, പോലീസ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്താല്‍ ഡിഐജിയും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരുമായിരിക്കും.
2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‌റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) നിയമത്തിലെ കരട് ഭേദഗതികളെക്കുറിച്ച് അഭിപ്രായം അറിയിക്കാന്‍ വ്യവസായ പങ്കാളികള്‍ക്ക് നവംബര്‍ 6 വരെ സമയമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.















