വയനാട്: പുലിപ്പേടിയിൽ തുടരുന്ന മുള്ളിയിൽ അടച്ചിട്ട മുള്ളി ട്രൈബൽ GLP സ്കൂൾ നാളെ തുറക്കും. സ്കൂൾ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വന്യജീവി ശല്യം ചേർക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്കൂൾ നാളെ തുറക്കുന്നത്. പുലിയെ പിടികൂടാനുള്ള കൂടും, സ്കൂൾ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനംമന്ത്രി കത്ത് നൽകിയിട്ടുണ്ട്.
സബ് കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിലും വിഷയം അവതരിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനരികിൽ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു.രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ചാണ് സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചത്.















