പാലക്കാട്: ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന സ്പർശം പതിഞ്ഞ കേരളത്തെ വാറ്റുകേന്ദ്രമാക്കാനുള്ള നീക്കവുമായി ഇടതു സർക്കാർ.
കേരളത്തിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പ്രസ്താവിച്ചു. ആഭ്യന്തരമായുള്ള ഉപയോഗത്തിന് പുറമെ വിദേശത്തേക്ക് കയറുമതി ചെയ്യാനും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മദ്യനയം അഞ്ച് വർഷമാക്കുമെന്നും കേരളത്തിൽ സ്പിരിറ്റ് ഉത്പാദനം ആരംഭിക്കുമെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേർത്തു. പാലക്കാട് നടന്ന എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.
പ്രാദേശിക എതിര്‍പ്പുകള്‍ ഉയരാമെന്നും എന്നാലത് പരിഗണിച്ചാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
“ഒരോ വർഷവും മദ്യനയം രൂപീകരിക്കുന്നതിനാൽ മദ്യ നിർമ്മാണ വ്യവസായങ്ങൾ കേരളത്തിലേക്ക് വരാൻ മടിക്കുകയാണ്. അതിനാൽ അഞ്ച് വർഷത്തേക്ക് മദ്യനയം രൂപീകരിക്കുന്നത് ആലോചനയിലാണ്. കേരളത്തിൽ സ്പിരിറ്റ് ഉൽപാദനം തുടങ്ങും. തദ്ദേശീയമായ മദ്യ നിർമ്മാണം വർധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും. ഇതിന് എതിരെ സ്ഥാപിത താൽപര്യക്കാരുടെ പ്രതിഷേധങ്ങൾ ഉണ്ടാകാം . അത് ഭയന്ന് പ്രധാന ചുവട് വെയ്പ്പുകൾ നടത്താതിരിക്കാൻ കഴിയില്ല.” എക്‌സൈസ് മന്ത്രി പറഞ്ഞു.
“കേരളത്തില്‍ ഒന്‍പത് ഡിസ്റ്റിലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉത്പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉത്പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താത്പര്യക്കാരാണ് തദ്ദേശീയമായുള്ള മദ്യ ഉത്പാദനത്തെ എതിര്‍ക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് പ്രശ്നമാണ് കേരളത്തിലുള്ളത്. സ്ഥാപിത താത്പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല”. അദ്ദേഹം പറഞ്ഞു.
“മദ്യം എന്നതൊരു വ്യവസായമാണ്. വ്യവസായമായിട്ട് വേണം ഇതിനെ കാണാൻ. ഇൻഡസ്ട്രി എന്ന നിലയിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരാനും വരുമാനമുണ്ടാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയ്‌ക്ക് ഉപയോഗിക്കാനും കഴിയുന്ന ഒരു സമീപനമായിരിക്കണം ഉണ്ടാകേണ്ടത്. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുടെ പ്രത്യേകത കൊണ്ടും ചില യാഥാസ്ഥികത്വവും മൂലവുമൊക്കെ ഇതിനെ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ കാണുന്നതിന് ചില തടസ്സങ്ങൾ നിലനിൽക്കുകയാണ്. അത് നീക്കം ചെയ്യുക തന്നെ വേണം തദ്ദേശീയമായ മദ്യ നിർമ്മാണം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും. .” എക്സൈസ് മന്ത്രി പറഞ്ഞു.















