ചെന്നൈ: കുടുംബസമേതം കഞ്ചാവ് കടത്തിയ അച്ഛനും അമ്മയും മക്കളും തമിഴ്നാട്ടിലെ കമ്പത്ത് പിടിയിൽ. രാജേഷ് കണ്ണൻ, രാജലക്ഷ്മി, മകൻ ദുർഗാ പ്രസാദ്, 16 കാരനായ രണ്ടാമത്തെ മകൻ എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് കുടുംബം തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 46.5 കിലോ കഞ്ചാവ് പിടികൂടി.
ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന് തമിഴ്നാട് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വാഹന പരിശോധനയ്‌ക്കിടെയാണ് കുടുംബം പിടിയിലായത്. ആന്ധ്ര രജിസ്ട്രേഷനിലുള്ള ആഢംബര കാറിലായിരുന്നു കുടുംബസമേതമുള്ള കഞ്ചാവ് കടത്ത്. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷത്തോളം വില വരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.















