വയനാട്: മുട്ടിൽ മരം മുറി കേസിൽ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീൽ റവന്യു വകുപ്പ് തള്ളി.
അപാകത ആരോപിച്ച് 29 കർഷകരുടെ അപ്പീലാണ് റവന്യൂ ഡിവിഷൻ ഓഫീസർ തളളിയത്. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ എന്താണ് അപാകതയെന്ന് നോട്ടീസിൽ പറഞ്ഞിട്ടുമില്ല. നോട്ടീസിൽ പറഞ്ഞ സമയപരിധി അവസാനിപ്പിച്ചതോടെ വനവാസികൾ ഉൾപ്പെടെയുളള കർഷകർ വലിയ ആശങ്കയിലാണ്.
വനംകൊളളക്കാരനായ മാധ്യമ മുതലാളിയെ രക്ഷിക്കാൻ പാവപ്പെട്ട കർഷകർക്കെതിരെയാണ് നടപടിക്ക് നീക്കം. അതേസമയം മുഖ്യ പ്രതികളായ ആൻറോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസട്ടി അഗസ്റ്റിൻ എന്നിവരെ രക്ഷിക്കാൻ വേണ്ടി വീണ്ടും അണിയറയിൽ നാടകം ഒരുങ്ങുകയാണ്. ഇവർക്കെതിരായ കുറ്റപത്രം സമർപ്പിക്കുന്നത് ഇഴയുകയാണ്.
വനവാസികളായ കർഷകരെ പറ്റിച്ച് 112 രാജകീയ വൃക്ഷങ്ങളാണ് അഗസ്റ്റി സഹോദരൻമാർ മുറിച്ച് കടത്തിയത്. സർക്കാർ ഉത്തരവുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മരങ്ങൾ വാങ്ങിയത്. ഇതിൽ 500. 400 വർഷം പഴക്കമുള്ള മരങ്ങൾ കടത്തിയത്. ആദ്യ ഘട്ടത്തിൽ വനംകൊളളക്കാരനായ മാധ്യമ മുതലാളിക്കെതിരെ കേസുകൾ എടുത്തെങ്കിലും പിന്നീട് കർഷകരെ പഴിചാരി മുതലാളിമാരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം.















