ലക്‌നൗ: ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് ‘കബീർധാം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം തന്റെ സർക്കാർ അവതരിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഈ പേര് മാറ്റം സന്ത് കബീറുമായി ബന്ധപ്പെട്ട പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സ്മൃതി മഹോത്സവ് മേള 2025ൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് മാറ്റ പ്രഖ്യാപനം.
മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നിട്ടും ഗ്രാമത്തിന് മുസ്തഫാബാദ് എന്ന് പേരിട്ടതിൽ അതിശയമുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.സന്ത് കബീറുമായി ബന്ധപ്പെട്ടതാണ് സ്ഥലത്തിന്റെ ചരിത്രം. അതിനാല്‍ ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് പുതിയ മാറ്റം. അദ്ദേഹം വിശദീകരിച്ചു.
തന്റെ സർക്കാർ മുൻ വർഷങ്ങളിൽ ഏറ്റെടുത്ത പേരുമാറ്റ നടപടികൾ അദ്ദേഹം അനുസ്‌മരിച്ചു.
“മുമ്പ് ഭരിച്ചിരുന്നവർ അയോധ്യയെ ഫൈസാബാദ് എന്നും പ്രയാഗ്‌രാജിനെ അലഹബാദ് എന്നും കബീർധാമിനെ മുസ്തഫാബാദ് എന്നും പുനർനാമകരണം ചെയ്തു. ഞങ്ങളുടെ സർക്കാർ അത് പഴയപടിയാക്കുകയാണ് – അയോധ്യ പുനഃസ്ഥാപിക്കുക, പ്രയാഗ്‌രാജ് പുനഃസ്ഥാപിക്കുക, ഇപ്പോൾ കബീർധാമിനെ അതിന്റെ ശരിയായ പേരിലേക്ക് പുനരുജ്ജീവിപ്പിക്കുക,” അദ്ദേഹം പറഞ്ഞു. ഗ്രാമത്തിന്റെ പേര് മാറ്റുന്നതിന് ഔപചാരികമായി നിർദേശം നൽകുമെന്നും ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും യോഗി കൂട്ടിച്ചേർത്തു.















