വിവാഹ ബ്ലൗസ് കൃത്യസമയത്ത് നൽകാത്ത തയ്യൽക്കാരന് 7,000 രൂപ പിഴ വിധിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ തയ്യൽക്കാരനാണ് ഉപഭോക്തൃ കോടതി പിഴ വിധിച്ചത്.
2024 ഡിസംബറിൽ ഒരു ബന്ധുവിന്റെ വിവാഹത്തിന് ധരിക്കാനാണ് യുവതി ബ്ലൗസ് തയ്‌ക്കാൻ നൽകിയത്. 4,395 രൂപ മുൻകൂറായി നൽകുകയും ചെയ്തു. ഡിസംബർ 14-ന് ബ്ലൗസ് വാങ്ങാൻ പോയപ്പോൾ പറഞ്ഞ പാറ്റേണിലും ഡിസൈനിലുമായിരുന്നില്ല തയ്യൽ. ശരിയാക്കി തരാമെന്ന് തയ്യൽക്കാരൻ പറഞ്ഞെങ്കിലും നടന്നില്ല. വിവാഹ തീയതി കഴിഞ്ഞിട്ടും യുവതിക്ക് ബ്ലൗസ് ലഭിച്ചില്ല. ഇതോടെയാണ് യുവതി കോടതിയെ സമീപിച്ചത്.
ഈ വർഷം ഏപ്രിലിൽ കൊച്ചിയിലും സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അളവ് അനുസരിച്ച് ഷർട്ട് തുന്നി നൽകാത്തതിനാൽ 15,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു.















