റഫാൽ വിമാനയാത്രയ്‌ക്കിടെ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനെ നേരിൽ കണ്ട് രാഷ്‌ട്രപതി ദ്രൗപദി മുർമു. അംബാല വ്യോമസേനാ താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. റഫാൽ പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റാണ് ശിവാംഗി സിംഗ്.
ഓപ്പറേഷൻ സിന്ദൂരിനിടെ, ശിവാംഗി സിംഗ് പിടിക്കൂടിയെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ വ്യാജ പ്രചാരണം നടത്തിയിരുന്നു. ശിവാംഗി പറത്തിയ വിമാനം സിയാൽകോട്ടിനടുത്ത് വെടിവച്ചിട്ടതിന് ശേഷം കസ്റ്റഡിയിലെടുത്തു എന്നായിരുന്നു പാക് പ്രചരണം.
എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, ശിവാംഗി സിംഗിനെ കാണാതായെന്ന് പറയുന്നതും, അവരുടെ കുടുംബത്തെ സന്ദർശിച്ചതായി അവകാശപ്പെടുന്നതുമായ ഒരു വ്യാജ വീഡിയോയും ഓൺലൈനിൽ പ്രചരിച്ചിരുന്നു. വീഡിയോ ‘അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്’ എന്ന് പിഐബി ഫാക്‌ട് ചെക്കും വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനിടെ വ്യോമസേന ഇക്കാര്യം നിഷേധിച്ച് ശിവാംഗി സിംഗിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.
ആരാണ് സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ്?
റഫാൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റാണ് ശിവാംഗി. അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൽ മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കാണ് ശിവാംഗി വഹിച്ചത്. അടുത്തിടെ തമിഴ്‌നാട്ടിലെ താംബരത്തുള്ള ഫ്ലയിംഗ് ഇൻസ്ട്രക്‌ടേഴ്‌സ് സ്കൂളിൽ വെച്ച് ഐഎഎഫ് ട്രെയിനിംഗ് കമാൻഡിലെ എസ്‌എഎസ്‌ഒ എയർ മാർഷൽ തേജ്ബീർ സിംഗ് ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്‌ടർ (QFI) ബാഡ്ജ് നൽകി ആദരിച്ചിരുന്നു. 2025 ഒക്ടോബർ 9-നാണ് അവർ ഈ ബഹുമതി നേടിയത്
ഇന്ന് രാവിലെയാണ് സർവ്വസൈന്യാധിപ റഫാലിൽ പറന്നുയർന്നത്. “ഗോൾഡൻ ആരോസ്”വ്യോമസേനയുടെ 17 സ്ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസറായ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയായിരുന്നു പൈലറ്റ് . പറക്കൽ ഏകദേശം 30 മുതൽ 35 മിനിറ്റ് വരെ നീണ്ടുനിന്നു.















