മുംബൈ: ദീപാവലി വേളയിൽ കരുതൽ ശേഖരത്തിൽ ഉള്ള കൂടുതൽ സ്വർണം ഭാരതത്തിൽ എത്തിച്ച് റിസർവ് ബാങ്ക്. അറുപതിനാല് ടൺ സ്വർണ്ണമാണ് ആർബിഐ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ദീപാവലി ആഘോഷത്തിരക്കിൽ അതീവരഹസ്യമായിട്ടായിരുന്നു റിസർവ് ബാങ്കിന്റെ നീക്കം. കഴിഞ്ഞ ദീപാവലിയിലും സമാന രീതിയിൽ സ്വർണം രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നു.
ഒരുകാലത്ത് സ്വർണം പണയം വച്ചിരുന്ന രാജ്യമായിരുന്നുവെങ്കിൽ ഇന്ന് ടൺ കണക്കിന് സ്വർണം കരുതൽശേഖരമായി കൈവശമുള്ള രാഷ്‌ട്രമാണ് ഇന്ത്യ.
880.8 ടൺ സ്വർണമാണ് കരുതൽശേഖരമായി നിലവിൽ കൈവശമുള്ളത്. മുൻപ് ഇതിൽ സിംഹഭാഗവും യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ് സൂക്ഷിച്ചിരുന്നത്. 2023 ലാണ് സ്വർണം ശേഖരം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങിയത്. ഭൗമരാഷ്‌ട്ര അനിശ്ചിതത്വങ്ങൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിൽ തന്നെ സൂക്ഷിക്കാനുള്ള നീക്കത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിച്ചത്. 2023 മാർച്ച് മുതൽ സെപ്തംബർ വരെ 274 ടൺ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുവന്നു. നിലവിൽ 575.8 ടൺ ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ആർബിഐയുടെ സെൻട്രൽ ബോർഡും വിദേശ കരുതൽ ശേഖര മാനേജ്‌മെന്റ് ടീമും ധനകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇന്ത്യൻ സുരക്ഷ സേനകൾ, ഇൻഷുറൻസ് ഏജൻസികൾ, ലോജിസ്റ്റിക് സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ അതീവ രഹസ്യമായാണ് ദൗത്യം. ചാർട്ടേഡ് വിമാനങ്ങളിൽ എത്തിക്കുന്ന സ്വർണം മുംബൈയിലും നാഗ്പൂരിലെ സെൻട്രൽ വാലറ്റിലുമായാണ് സൂക്ഷിക്കുന്നത്.
സെപ്റ്റംബറിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് ഏകദേശം 13.92 ശതമാനമായി ഉയർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റിസർവ് ബാങ്ക് സ്വർണ്ണ ശേഖരം പതുക്കെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.















