ന്യൂഡൽഹി: സ്‍കൂൾതലം മുതൽ ഇനി കുട്ടികൾ ആയുർവേദം പഠിപ്പിക്കും. എൻസിആർടിയുടെ ആറ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ശാസ്ത്ര പാഠപുസ്‍തകങ്ങളിലാണ് ആയുർവേദ അധ്യായങ്ങൾ ഉൾപ്പെടുത്തിയത്. പുരാതന ഭാരതീയ ശാസ്‍ത്ര രീതികളും സ്‍കൂൾ വിദ്യാർഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യം. ആയുഷ് മന്ത്രി പ്രതാപ്‌റാവു ജാദവ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് സ്‍കൂളുകളിൽ ആയുർവേദം ഉൾപ്പെടുത്തിയത്. ഈ അക്കാദമിക് വർഷം മുതൽ മാറ്റം നടപ്പിലാകും. പരമ്പരാഗത ആരോഗ്യ രീതികളെ കുറിച്ചും ആധുനിക ലോകത്ത് അവയുടെ ശാസ്ത്രീയ പ്രസക്തിയെ കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം, ദിനചര്യ തുടങ്ങിവയാണ് പാഠ്യഭാഗങ്ങളിൽ ഉൾപ്പെടുത്തിയത്. അടുത്ത ഘട്ടത്തിൽ ഹൈസ്‍കൂൾ തലത്തിലേക്കും ആയുർവേദ പഠനം വ്യാപിപ്പിക്കാൻ എൻസിആർടി ലക്ഷ്യമിടുന്നുണ്ട്.
സമാനമായി കോളജുകളിലും സർവകലാശാലകളിലും ആയുർവേദ പഠനം ഉറപ്പാക്കും. ആയുർവേദ കേന്ദ്രീകൃത പ്രത്യേക പാഠ്യപദ്ധതി യുജിസിയും തയ്യാറാക്കുന്നുണ്ട്.ആരോഗ്യം, ക്ഷേമം, സമഗ്ര പഠനം എന്നിവയ്‌ക്ക് ഊന്നൽ നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം.















