സോഷ്യൽ മീഡിയയിൽ ട്രോളായി മുഖ്യമന്ത്രിയുടെ ഖത്തർ പ്രസംഗം. കേരളത്തിലെ റോഡുകൾ കണ്ട് ന്യൂയോർക്കിൽ നിന്ന് എത്തിയ കുട്ടി പോലും ഞെട്ടിയെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. കേരളത്തിലെ റോഡുകൾ അദ്ഭുതത്തോടെയാണ് കുട്ടി വീക്ഷിച്ചത്. ന്യൂയോർക്കിൽപ്പോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞു. ഇത് പറയാൻ വേണ്ടി മാത്രം കുട്ടിയും അച്ഛനും അമ്മയും എന്റെ അടുത്ത് വന്നു എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് സദസിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ന്യൂയോർക്ക് കഥ. കേരളത്തിലെ റോഡിലെ കുഴികൾ കണ്ട് ചന്ദ്രനിൽ എത്തിയെന്ന് കുട്ടി തെറ്റിദ്ധരിച്ചു കാണാം എന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന അഭിപ്രായം.
റോഡിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥിരം പറയുന്ന കഥയാണിത്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന പരിപാടിയിലും ന്യൂയോർക്കിൽ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തവണ ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളോത്സവത്തിലായിരുന്നു ന്യൂയോർക്ക് കഥ.















