ഛണ്ഡിഗഢ്: കബഡി താരം വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. 25-കാരനായ തേജ്പാൽ സിംഗാണ് കൊല്ലപ്പെട്ടത്. സീനിയർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് സമീപത്തായാണ് സംഭവം നടന്നത്.
അഞ്ച്, ആറ് പേരടങ്ങുന്ന സംഘം ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. റോഡിലൂടെ നടക്കുകയായിരുന്ന തേജ്പാലിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നു.
ഗുരതരമായി പരിക്കേറ്റ തേജ്പാലിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് വഴിവച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.















