തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിയ മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു വര്‍ക്കലയിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വര്‍ക്കല അയന്തി ഭാഗത്ത് വെച്ച് യുവതിയെ തള്ളിയിട്ടത്.
അക്രമി മദ്യലഹരിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് നിന്ന് കയറിയ രണ്ട് യുവതികളില്‍ ഒരാളെ മദ്യലഹരിയില്‍ സുരേഷ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഒച്ചവച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. പാളത്തിലേക്ക് തെറിച്ചുവീണ യുവതിയെ നാട്ടുകാരും ട്രെയിനിലെ യാത്രക്കാരും ചേര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ട്രെയിനില്‍ നിന്ന് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.
ആലുവയിൽ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് പിടി കൂടി . പനച്ചിമൂട് സ്വദേശി സുരേഷ് കുമാറാണ് കസ്റ്റഡിയിലായത്.
യുവതിയോട് അതിക്രമം കാണിച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിയ അക്രമിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് റെയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.യുവതിയുമായി പ്രതി സുരേഷിന് യാതൊരു മുന്‍പരിചയവുമില്ലെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം.















