കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. പാനൂർ മുളിയാംതോട്ടിലെ ഷെറിലിനെയാണ് മേഖല സമ്മേളനത്തിനിടെ രക്തസാക്ഷിയായി അംഗീകരിച്ചത്.
കുന്നോത്ത്പറമ്പ് മേഖല സമ്മേളനത്തിലെ അനുശോചന പ്രമേയത്തിനിടെ ഷെറിലിന്റെ പേര് വായിക്കുകയും ചെയ്തു.
2024 ഏപ്രിൽ 5 നാണ് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സംഘടനയ്‌ക്ക് ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ അന്നത്തെ നിലപാട്. എന്നാൽ ഷെറിലിന്റെ സംസ്കാര ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.
കേസിൽ ഡിവൈഎഫ്ഐ നേതാക്കളായിരുന്നു പ്രതികൾ. എന്നാൽ അന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ നിലപാട് ഏറെ വിചിത്രമായിരുന്നു. സ്ഫോടനം നടന്നതറിഞ്ഞ് ഓടിയെത്തിയ ഡിവൈഎഫ്ഐക്കാരെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു എം. വി ഗോവിന്ദൻ പറഞ്ഞത്. കൂടാതെ കൊല്ലപ്പെട്ട യുവാവിന് പാർട്ടിയുമായോ സംഘടനയുമായ യാതൊരു ബന്ധമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
2015ലും സമാനമായ സംഭവം പാനൂരിൽ തന്നെ നടന്നിരുന്നു. അന്ന് ബോംബ് നിർമ്മാണത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നായിരുന്നു സിപിഎം അന്നും നിലപാട് എടുത്തത്. പിന്നീട് അവർക്ക് വേണ്ടി രക്തസാക്ഷി സ്തൂപം നിർമിച്ചു. അന്നത്തെ ജില്ലാ സെക്രട്ടറിയായ എം വി ജയരാജനാണ് സ്തൂപം ഉദ്ഘാടനം ചെയ്തത്. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെടുമ്പോൾ തൽക്കാലം മുഖം രക്ഷിക്കാൻ തള്ളി പറയുന്ന സിപിഎം സംഭവത്തിന്റെ ചൂട് കെട്ടടങ്ങുമ്പോൾ ഇവരെ അംഗീകരിക്കുന്നത് സ്ഥിരം കാഴ്ചയാണ് . ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷെറിൽ.















