കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നാണ് ഇയാൾ കൊച്ചിയിൽ എത്തിയത്.
ഇന്ന് പുലർച്ചെ എത്തിയ ജെറ്റ് എയർവേയ്സിന്റെ വിമാനത്തിലാണ് അബ്ദുൽ സമദ് നെടുമ്പാശ്ശേരിയിൽ എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതർ ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. ആറര കിലോയോളം ഹൈബ്രിഡ് കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി സ്യൂട്ട് കേസിലാണ് ഒളിപ്പിച്ചിരുന്നത്. അടുത്തകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്.
രണ്ടാഴ്ച മുൻപാണ് ഇയാൾ വിയറ്റനാമിലേക്ക് പോയത്. അവിടെ നിന്നുമാണ് ബാങ്കോക്കിലേക്ക് എത്തിയത്. കഞ്ചാവ് കടത്തുന്നതിന് കൂലിയായി ലഭിക്കുക 50,000 രൂപയാണെന്ന് പിടിയിലായ യുവാവ് മൊഴി നല്കി. യാത്രാടിക്കറ്റും താമസവും സൗജന്യമാണെന്നും ഇയാള് കസ്റ്റംസിനോട് വെളിപ്പെടുത്തി.















