ചെന്നൈ: കോയമ്പത്തൂർ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി. മധുര സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ വെടിവയ്‌ക്കുകയായിരുന്നു. കാലിന് വെടിയേറ്റ ഇവരെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയമ്പത്തൂരിനടുത്തുള്ള വെള്ളൈക്കനാറിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. രഹസ്യകേന്ദ്രം വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാൻ പ്രതികൾ ശ്രമിച്ചു. ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖരന്റെ കൈയിൽ പരിക്കേറ്റിരുന്നു.
മൂന്ന് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മൂവർക്കെതിരെയും തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. കൂലിപണിക്കാരായ ഇവർ കോയമ്പത്തൂരിലെ ഒരു മുറിയിൽ വാടകയ്‌ക്ക് താമസിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് കോയമ്പത്തൂരിൽ കോളജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. കാറിൽ സുഹൃത്തുമായി സംസാരിച്ചിരിക്കവേ പെൺകുട്ടിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. അടുത്ത ദിവസം പുലർച്ചെ നാലുമണിയോടെയാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.















