തൃശ്ശൂര്‍: കുപ്രസിദ്ധ ക്രിമിനൽ, തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബന്ദല്‍കുടി എസ്‌ഐ നാഗരാജനും മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും കടുത്ത വീഴ്ചയാണെന്നാണ് കേരളാ പൊലീസിന്റെ കണ്ടെത്തല്‍.
ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയിരുന്നു. ഇതും ഗുരുതരമായ വീഴ്ചയാണ്. ഇയാൾ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്നാട് പൊലീസ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണ്.
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇയാൾ രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്.വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഇയാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. തെളിവെടുപ്പിന് ശേഷം തിരിച്ച് വിയ്യൂരിൽ എത്തിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. മൂന്ന് പൊലീസുകാരുടെ സുരക്ഷയിൽ ഇയാളെ പുറത്തിറക്കി. ഇതിനിടെ പൊലീസുകാരെ തളളി വീഴ്‌ത്തി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു.
തമിഴ്‌നാട്ടിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് 2021ല്‍ മറയൂരില്‍ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പുറത്തിറങ്ങിയശേഷം തന്നെ പിടി കൂടിയതിനു പ്രതികാരമായി മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തി . പിന്നീട് മറയൂര്‍ പോലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരില്‍ എത്തിക്കുന്നത്.
കഴിഞ്ഞവർഷവും ഇയാളെ വിയ്യൂർ ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് പവർ ഹൗസിന് മുന്നിലെ കുറ്റിക്കാട്ടിൽ മണിക്കൂറുകളോളം ഇയാൾ ഒളിച്ചിരുന്നു. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ബാലമുരുകൻ.















