പീഡനക്കേസ് പ്രതിയായ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിൽ വിമർശനവുമായി നടൻ ജോയ് മാത്യു. നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുന്നതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. അവാർഡ് കൊടുക്കണമെന്ന് അത്രയ്‌ക്കും നിർബന്ധമാണെങ്കിൽ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കണമായിരുന്നുവെന്നും ജോയ് മാത്യു വിമർശിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം
അവാർഡ് കൊടുക്കുക തന്നെ വേണം……….. ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് ?
അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്‌ക്ക് നാല്പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും !അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ അർഹതയ്‌ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും
വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുക . അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.
ഗുണപാഠം: ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും















