പാലക്കാട് : വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ട്. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് കിടപ്പു രോഗിയായ പുളിമ്പറമ്പ് വിശാലത്തിന് (55) തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുൻവശത്തെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്നു വിശാലം. ഈ സമയത്ത് വീട്ടിൽമറ്റാരും ഉണ്ടായിരുന്നില്ല. ഇവിടേക്ക് കടന്നു വന്ന തെരുവ് നായ ഇവരെ കടിക്കുകയായിരുന്നു. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയിൽ മാരകമായ അവസ്ഥയിലായ വിശാലത്തിന്റെ നിലവിളി കേട്ട് പരിസരത്തുള്ളവർ ഓടിയെത്തുമ്പോഴേക്കും നായ മറ്റൊരു ഭാഗത്തേക്ക് ഓടിമറഞ്ഞു.
പിന്നീട് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. തുടർന്ന് പട്ടിയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ എത്തിച്ച പരിശോധന നടത്തിയപ്പോഴാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ കമ്മാന്തറയിൽ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടുമൂന്നു ദിവസമായി പശുക്കുട്ടിക്ക് പനിയും, ഭക്ഷണം എടുക്കാതെയും തുടർന്നതിനാൽ വടക്കഞ്ചേരി വെറ്റിനറി സർജൻ പി ശ്രീദേവി നടത്തിയ പരിശോധനയിലാണ് പശുക്കുട്ടിക്കും രോഗലക്ഷണം ഉള്ളതായി സംശയിച്ചത്.
പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പട്ടിയുടെ കടിയേക്കുകയോ, മറ്റെന്തെങ്കിലും സംശയമുള്ളവർ പേ വിഷബാധയ്‌ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്നും ഡോക്ടർ അറിയിച്ചു. മൂന്നുമാസം മുൻപ് ഈ പ്രദേശത്ത് പേ നായ ആറോളം പേര് കടിച്ചു കൂടാതെ വളർത്തുമൃഗങ്ങളെയും കടിച്ചിരുന്നു. ഒരുപക്ഷേ അതിൽ നിന്നും കടിയേറ്റതാവാം പശുക്കുട്ടിക്ക് ഇപ്പോഴുള്ള രോഗലക്ഷണങ്ങൾ കാണുന്നതെന്നും സംശയിക്കുന്നുണ്ട്.















