ലണ്ടന്‍: ബിസിനസ് ലോകത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനായ ഗോപിചന്ദ് പി. ഹിന്ദുജ (85) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. ഹിന്ദുജ കുടുംബത്തിലെ രണ്ടാം തലമുറ അംഗമായിരുന്നു.
2023 മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ മൂത്തസഹോദരന്‍ ശ്രീകാന്ത് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. ഹിന്ദുജ ഗ്രൂപ്പിനെ ആഗോളതലത്തില്‍ ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് അദ്ദേഹം . ഹിന്ദുജ ഗ്രൂപ്പിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിലെ ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരായ വ്യക്തികളാണ് ഗോപിചന്ദ് ഹിന്ദുജയും കുടുംബവും.ആഗോള ബിസിനസ് വൃത്തങ്ങളിൽ ജി പി എന്നായിരുന്നു ഗോപീചന്ദ് അറിയപ്പെടുന്നത്.
ഇന്തോ-മിഡില്‍ ഈസ്റ്റ് വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംരംഭത്തെ കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള വൈവിധ്യമാര്‍ന്ന അന്താരാഷ്‌ട്ര ബിസിനസ് ഗ്രൂപ്പായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമായത് ഗോപിചന്ദിന്റെ ഇടപെടലുകളാണ്.
അവിഭക്ത ഇന്ത്യയിലെ സിന്ധില്‍ നിന്ന് ഇറാനിലേക്ക് താമസം മാറിയ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് 1919-ല്‍ ഹിന്ദുജ ഗ്രൂപ്പ് ആരംഭിച്ചത്. 1979-ല്‍ ബിസിനസ് ആസ്ഥാനം ഇറാനില്‍ നിന്ന് ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.















