കോന്നി : ശബരിമല തീർത്ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാർ കാൽനടയായി എത്തുന്ന പരമ്പരാഗത അച്ചൻകോവിൽ – കല്ലേലി കാനന പാത രൂക്ഷമായ തകർച്ചയിൽ.
വനം വകുപ്പിന്റെ കല്ലേലി കാവൽപ്പുര മുതൽ കല്ലേലിക്കാവിനു മുന്നിലൂടെ ഉള്ള അച്ചൻകോവിൽ കോട്ടവാസൽ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതൽ വർഷങ്ങളായി അറ്റകുറ്റപണികൾ നടക്കുന്നില്ല . റോഡിന്റെ ഇരു ഭാഗവും വലിയ കുഴികളാണ് .വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത്. ഇവിടം നിത്യവും അപകട മേഖലയാണ് എന്ന് പ്രദേശ വാസികൾ പറയുന്നു. റോഡിലെ ഇരു ഭാഗത്തെയും കുഴികൾ മണ്ണിട്ട് നികത്താൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല .
തമിഴ്നാട് കുറ്റാലത്തുനിന്ന് ചെങ്കോട്ട, മേക്കര, കോട്ടവാസൽ, അച്ചൻകോവിൽ, ആവണിപ്പാറ,മണ്ണാറപ്പാറ, കുടമുക്ക്, കടിയാർ,നടുവത്തുമൂഴി, കല്ലേലി, അരുവാപ്പുലം വഴി കോന്നി എലിയറക്കൽ എത്തുന്ന പരമ്പരാഗത റോഡാണ് അറ്റകുറ്റപണികൾ ഇല്ലാതെ കുഴിയായി കിടക്കുന്നത് . ഏതാനും വർഷം മുന്നേ ചില സ്ഥലങ്ങളിൽ ടാറിംഗ് നടത്തി. എന്നാൽ വീതി കൂട്ടിയില്ല . അച്ചൻകോവിലിൽനിന്ന് പ്ലാപ്പള്ളി വരെയുള്ള 100 കിലോമീറ്റർ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കാൻ പദ്ധതി തയാറാക്കിയിരുന്നു. അതിനായി 100 കോടിയും അനുവദിച്ചിരുന്നു. എന്നാൽ കല്ലേലി അച്ചൻകോവിൽ കാനന പാതയിൽ ഒരു നിർമ്മാണവും നടന്നിട്ടില്ല .
ശബരിമല തീർഥാടകർ കാൽനടയായി കടന്നു വരുന്ന കല്ലേലി – അച്ചൻകോവിൽ കാനന പാത നിലവിൽ കാൽനടയാത്രയ്‌ക്ക് പോലും സഞ്ചാരയോഗ്യമല്ല .കാൽ നടയായി എത്തുന്ന അന്യ സംസ്ഥാന അയ്യപ്പന്മാരുടെ പ്രധാന കാനന ഇടത്താവളം ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .
വർഷങ്ങളായി അറ്റകുറ്റപണികൾ ഇല്ല . പിറവന്തൂർ, അരുവാപ്പുലം പഞ്ചായത്ത് മേഖലയാണ് ഈ വന പാത . ചെങ്കോട്ടയിൽനിന്ന് വരുന്ന ശബരിമല തീർഥാടകർക്ക് കിലോമീറ്ററുകൾ ലാഭിച്ച് കോന്നിവഴി പമ്പയിൽ എത്താൻ ഉപകരിക്കുന്നതാണ് പാത.അച്ചൻകോവിൽ ,കോന്നി വനം ഡിവിഷനുകളുടെ കീഴിൽ വരുന്ന ഈ കാനന പാതയുടെ അറ്റകുറ്റപണികൾ അടിയന്തിരമായി ചെയ്തു സഞ്ചാരയോഗ്യമാക്കണം എന്ന് ഭക്തർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.റോഡിലെ ഇരു ഭാഗവും വീതി കൂട്ടി കുറ്റമറ്റതാക്കാനും കല്ലേലി ചെക്ക് പോസ്റ്റ് മുതൽ ഉള്ള കാനന പാത ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും വർഷങ്ങളായുള്ള ആവശ്യം ആണ് .
റോഡ് സഞ്ചാര യോഗ്യമായാൽ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിൽനിന്ന് ശബരിമലക്ക് വരുന്ന തീർഥാടകർക്ക് ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ വഴിയുള്ള ചുറ്റി കറക്കം ഒഴിവാക്കാൻ കഴിയും. അതുപോലെ കൊല്ലം, തിരുമംഗലം ദേശീയ പാതയിൽ എസ് വളവിലെ തിരക്കും ഒഴിവാക്കാം.
ഈ ആവശ്യം കാണിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഭരണ സമിതി പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് മന്ത്രിയ്‌ക്കും നിവേദനം നൽകി.















