കൊച്ചി: മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. ലോറിയിട്ട് തടഞ്ഞശേഷം ഹെഡ് ലൈറ്റും ഗ്ലാസും അടിച്ചു തകർത്തു. സിറോ മലബാർ സഭ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം പാലായിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്.
പെരുമ്പാവൂരിൽ വെച്ച് ബിഷപ്പിന്റെ കാർ ഒരു ലോറിയുമായി തട്ടിയിരുന്നു. തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പെരുമ്പാവൂരിൽ നിന്ന് മൂവാറ്റുപുഴ വരെ പിന്തുടർന്നെത്തിയ ലോറി ഡ്രൈവർ വാഹനം അടിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















