ന്യൂയോർക്ക്: ഹമാസ് നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയെന്ന് ആരോപണം നിലനിൽക്കെ ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മുസ്ലീം മേയറായി സൊഹ്‌റാൻ മംദാനിയെ തിരഞ്ഞെടുത്തു. സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയുമാണ് മംദാനി പരാജയപ്പെടുത്തിയത്.
ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) ആണ് മംദാനിക്ക് വേണ്ടി പണം ഒഴുക്കിയതെന്ന് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മംദാനിയുടെ മുതിർന്ന രാഷ്‌ട്രീയ ഉപദേഷ്ടാവ് ലിൻഡ സർസൂറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഹമാസ് ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന സംഘടനയാണ് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള നിരവധി നേതാക്കൾ മംദാനിക്ക് റാഡിക്കൽ ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഹമാസ് അനുകൂലിയായ മംദാനിയെ 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
മംദാനിക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നത് ഇതാദ്യമായല്ല. 1993 ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളെന്ന് സംശയിക്കുന്ന ഇമാം സിറാജ് വഹാജിനൊപ്പമുള്ള മംദാനിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
പ്രശസ്ത സംവിധായിക മീര നായരുടെ മകനായ മംദാനി ഇന്ത്യ വിരുദ്ധനെന്ന് നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. പാകിസ്ഥാന് വേണ്ടി നിരന്തരം ആഗോള വേദികളിൽ മംദാനി സംസാരിക്കാറുണ്ട്. സൊഹ്‌റാൻ മംദാനി വായ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പിആർ ടീം അവധിയെടുക്കുമെന്നാണ് കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി വിമർശിച്ചിരുന്നു.















