ന്യൂഡൽഹി: തദ്ദേശിയമായി നിർമിച്ച ‘ഐഎൻഎസ് ഇക്ഷക്’ നാളെ (നവംബർ 6) കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ നടക്കുന്ന ചടങ്ങിലാണ് യുദ്ധകപ്പൽ നീറ്റിലിറക്കുക. സമുദ്രത്തിന്റെ ഗൈഡാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ഐഎൻഎസ് ഇക്ഷക്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ) ലിമിറ്റഡിലാണ് യുദ്ധക്കപ്പലിന്റെ നിർമ്മാണം. സന്ധ്യാക് ക്ലാസ് സർവേ കപ്പലുകളിലെ മൂന്നാമത്തെ കപ്പലാണിത്. ഹൈഡ്രോഗ്രാഫിക് സർവേകൾക്കും തീരദേശ ദൗത്യങ്ങൾക്കുമാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. സമുദ്ര അടിത്തട്ടിന്റെ നീരീക്ഷണം, കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള റൂട്ടുകൾ തയ്യാറാക്കൽ, പ്രതിരോധ ആവശ്യങ്ങൾക്കായി സമുദ്രശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഡാറ്റ ശേഖരിക്കൽ എന്നിവ പ്രധാന ലക്ഷ്യമാണ്. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയാകാനും സാധിക്കും.
പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കാനുള്ള പ്രയാണത്തിലെ സുപ്രധാന നാഴികക്കലാണ് ഐഎൻഎസ് ഇക്ഷക്. ഇതിന്റെ 80 ശതമാനം ഘടകങ്ങളും ഇന്ത്യയിലാണ് നിന്നുളളതാണ്. വിവിധ പ്രതിരോധ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമായി. “ഗൈഡ്” എന്നർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കാണ് ഇക്ഷക്.
അത്യാധുനിക ഹൈഡ്രോഗ്രാഫിക് സാങ്കേതിക വിദ്യയുടെ സംയോജനമാണ് ഇക്ഷക്. ഉയർന്ന റെസല്യൂഷനുള്ള മൾട്ടി-ബീം എക്കോ സൗണ്ടർ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി), റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർഒവി), നാല് സർവേ മോട്ടോർ ബോട്ടുകൾ (എസ്എംബി) എന്നിവ കപ്പലിൽ ഉണ്ട്. ഹെലികോപ്ടർ പറന്നുയരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസർമാർക്ക് പ്രത്യേക താമസ സൗകര്യമുള്ള ആദ്യത്തെ എസ്‌വിഎൽ-ക്ലാസ് സർവേ കപ്പലാണ് ഐഎൻഎസ് ഇക്ഷക്.















