ബെംഗളൂരു: മലയാളികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഞായറാഴ്ച മുതൽ യാഥാർത്ഥ്യമാകുന്നു. ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.
രാവിലെ 8 മുതല്‍ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിലേത് അടക്കം നാലു വന്ദേഭാരത് സര്‍വീസുകളാണ് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുക.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളില്‍ സംബന്ധിക്കും.
ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിലാണ് ന്ദേഭാരത് എക്സ്പ്രസ് സഞ്ചരിക്കുന്നത്.എറണാകുളം-ബെംഗളൂരു റൂട്ടിലെ നിലവിലുള്ള യാത്രാസമയത്തിൽ വലിയ കുറവ് വരുത്താൻ ഈ ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകും.
രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും. സ്റ്റോപ്പുകൾ: തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം.















