അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ ഭക്തരുടെ കാത്തിരിപ്പ് സമയം കുറയ്‌ക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കും. ഭക്തജന തിരക്ക് കുറയ്‌ക്കുന്നതിനും ദർശനത്തിനുള്ള കാത്തിരിപ്പ് സമയം വെറും രണ്ട് മണിക്കൂറായി കുറയ്‌ക്കുന്നതിനുമാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി തിരുപ്പതി ദേവസ്ഥാനം മുന്നോട്ടുപോകുന്നത്. ഇതിലൂടെ ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനസൗകര്യം ഒരുക്കാനാകും. വിഐപി ദർശന സമയത്തിൽ മാറ്റം വന്നത് ഭക്തരുടെ കാത്തിരിപ്പ് സമയം കുറിച്ചിട്ടുണ്ടെന്ന് ടിടിഡി ചെയർമാൻ ബി ആർ നായിഡു പറഞ്ഞു.
തിരുപ്പതിയിലെ മലയടിവാരത്തിലുള്ള പ്രവേശന കവാടമായ അലിപിരി ടോൾ ഗേറ്റ് ക്യൂവിലെ ഭക്തരുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനും പുത്തൻ സാങ്കേതികവിദ്യകളും സ്കാനറുകളും ഉപയോഗിച്ച് നവീകരിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കുന്നിന് സമീപത്തായി 25,000 ഭക്തരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന പുതിയ സമുച്ചയം നിർമിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകളും വ്യാജ ബുക്കിംഗുകളും തടയുന്നതിനായി പ്രത്യേക സൈബർ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.















