തിരുവനന്തപുരം: വീടിന് മുന്നിലെ കൈച്ചാനലിൽ നിന്ന് മലിനജലം കുത്തിയൊലിച്ചിറങ്ങിയതു കാരണം കിടപ്പുരോഗി ഉൾപ്പെട്ട കുടുംബത്തിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പ്രസ്തുത സ്ഥല സന്ദർശനം നടത്തി അടിയന്തരമായി പരിഹരിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പാറശ്ശാല ഐങ്കാമത്ത് ശരീരം തളർന്ന ഭിന്നശേഷിക്കാരനായ മൺവിളക്കുഴി വീട്ടിൽ പുഷ്പരാജിന്റെ (48) കുടുംബമാണ് ദുരിതത്തിലായത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നെയ്യാർ ഇറിഗേഷൻ കനാലിന്റെ കൈച്ചാനലിനോട് ചേർന്നാണ് പാറശ്ശാല പഞ്ചായത്ത് നിർമ്മിച്ചുനൽകിയ പുഷ്പരാജിന്റെ ചെറിയവീട്. ചാനലിന്റെ ചില ഭാഗങ്ങൾ പലരും മണ്ണിട്ട് നികത്തിയതോടെയാണ് ചെറിയ മഴ വന്നാൽ പോലും വെള്ളം കുത്തിയൊലിച്ച് പുഷ്പരാജിന്റെ വീടിന് മുകളിലേക്ക് പതിക്കുന്നത്.
പഞ്ചായത്ത് മുതൽ കളക്ടർ വരെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പുഷ്പരാജ് പറയുന്നു. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ച് ജില്ലാ കളക്ടർ സ്ഥലപരിശോധന നടത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ സ്ഥലം പരിശോധിച്ച് ദുരന്തനിവാരണഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് പരാതി പരിഹരിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം.
ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം), മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പാറശ്ശാല പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതിനിധി എന്നിവർ ഡിസംബറിൽ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണണം .















