പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ നടപടി നേരിട്ട പ്രധാന അധ്യാപികയെ ജോലിയിലേക്ക് തിരിച്ചെടുത്തു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് തിരിച്ചെടുത്തതെന്നാണ് മരിച്ച അർജുന്റെ കുടുംബം ആരോപിക്കുന്നു.
പ്രധാനധ്യാപിക ജോലിയിൽ പ്രവേശിച്ചത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് അർജുന്റെ മാതാപിതാക്കൾ പറയുന്നു. ഇവർ കുട്ടികളെ സ്വാധീനിച്ച് മൊഴി മാറ്റുമെന്നും, അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രധാനധ്യാപികയെ മാറ്റി നിർത്തണമെന്നുമാണ് അർജുന്റെ കുടുബം ആവശ്യപ്പെടുന്നത്
ഒക്ടോബർ 15നാണ് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.അർജുന്റെ മരണത്തിൽ അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പല്ലൻ ചാത്തന്നൂർ സ്വദേശിയാണ് അർജുൻ. ക്ലാസ് ടീച്ചർ അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബവും കുട്ടികളും പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇവർ കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ ക്ലാസ് ടീച്ചറായ ആശയെയും പ്രധാന അധ്യാപിക ലിസിയെയും അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിരുന്നു.















