തിരുവനന്തപുരം: വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികം കേരളത്തില്‍ വിപുലമായി ആഘോഷിക്കുന്നു. ബിജെപിയുടെയും വിവിധ യുവജന, സാംസ്‌കാരിക സംഘടനകളുടെയും സ്‌കൂളുകളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനമെങ്ങും ആഘോഷപരിപാടികള്‍ നടക്കുമെന്ന് ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റും വന്ദേമാതരം @150യുടെ കണ്‍വീനറുമായ ശ്രീലേഖ ഐ പി എസ്(റിട്ട)വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഏഴുമുതല്‍ നവംബര്‍ 26 വരെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മാരാര്‍ജി ഭവനിലടക്കം അഞ്ചിടങ്ങളിലാണ് സംസ്ഥാത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാരാര്‍ജി ഭവനില്‍ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും. വന്ദേമാതര ആലാപനം, പ്രശസ്തര്‍ പങ്കെടുക്കുന്ന പരിപാടികള്‍, സാമൂഹ്യമാധ്യമപ്രചാരണങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കുമെന്നും ആര്‍.ശ്രീലേഖ ഐ പി എസ് (റിട്ട)അറിയിച്ചു.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി.മനു പ്രസാദ്, ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം രാജ്യവ്യാപകമായി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു.















