തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചകേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ൽ കേസിനാസ്പദമായ സംഭവങ്ങൾ നടക്കുമ്പോൾ ബൈജു ആയിരുന്നു തിരുവാഭരണ കമ്മിഷണർ. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.
വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും പദവി വഹിച്ചിരുന്ന ഇയാൾക്കും കേസിൽ നിർണായക പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയത്.
തിരുവാഭരണ കമ്മീഷണറാണ് പാളികൾ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടിയിരുന്നത്. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യമായ രേഖകൾ തയ്യാറാക്കേണ്ടിയിരുന്ന കെഎസ് ബൈജു ഗുരുതര വീഴ്ച വരുത്തിയതായാണ് കണ്ടെത്തൽ.















