തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം തിരുവനന്തപുരം പൂവാറിൽ പ്രവർത്തനം ആരംഭിക്കും. പൂവാർ തീരത്തോട് ചേർന്നുള്ള 2.7 ഏക്കറിലാണ് സമുദ്രപര്യവേഷണ കേന്ദ്രം യാഥാർത്ഥ്യമാകുന്നത്. 2024 ലാണ് പൂവാർ അനുയോജ്യമായ പ്രദേശമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണ്ടെത്തിയത്.
പൂവാറിലെ കടൽ തീരത്ത് 12 ഏക്കർ ഭൂമിയാണ് ഡിആർഡിഒ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. നിലവിൽ കണ്ടെത്തിയ 8.3 ഏക്കറിന് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് 2.7 ഏക്കർ 2.5 കോടി രൂപയ്‌ക്ക് സംസ്ഥാനം കൈമാറുന്നത്.
മറൈൻ എക്സ്പ്ലോറേഷൻ പദ്ധതിക്കാണ് ഡിആർഡിഒ പൂവാറിൽ തുടക്കമിടുന്നത്. കൊച്ചിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയും വിശാഖപട്ടണത്തെ നാഷണൽ സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറിയും ഇവിടെ ഗവേഷണം നടത്തും. നാവികസേനയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഗവേഷണങ്ങൾ, രാജ്യത്തിന്റെ തെക്കൻ മേഖലയുടെ സമുദ്ര മാപ്പിംഗ് മുതൽ ആഴക്കടൽ ഗവേഷണം വരെ ഇവിടെ നടക്കും.
വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ തിരുവനന്തപുരത്തിന്റെ തീരദേശത്ത് സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. തിരുവനന്തപുരം മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രവും ഉടൻ പ്രവർത്തനം ആരംഭിക്കും.















